വേദപ്പൊരുൾ സ്നേഹമായി പരിവർത്തിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാനെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. ചെറിയവർക്ക് അന്യമായിരുന്ന വേദാന്ത ചിന്തയെ കാച്ചിക്കുറിക്കി മലയാളിയെ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനമാണ് ആശാൻ കവിതയുടെ അന്തസത്തയെന്നും ചുള്ളിക്കാട് വ്യക്തമാക്കി. സനാതനധർമ്മ കോളേജ് മലയാള വിഭാഗവും പ്രൊഫ. ആർ. രാമവർമത്തമ്പുരാൻ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച രാമവർമ്മത്തമ്പുരാൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നശ്വരതയും ഭൗതികലോകത്തിന്റെ അർത്ഥശൂന്യതയും താത്വികമായി വ്യാഖ്യാനിക്കുന്ന കാവ്യമാണ് ആശാന്റെ പ്രരോദനമെന്നും ചുള്ളിക്കാട് ഓർമ്മിപ്പിച്ചു. പഠിക്കാനും പഠിപ്പിക്കാനും വേണ്ടിയുള്ളതല്ല സാഹിത്യമെന്നും അത് ജീവിതത്തിന്റെ വ്യാഖ്യാനവും വെളിച്ചവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നേഹം കൊണ്ട് മതത്തെയും ജാതിയെയും തമസ്ക്കരിച്ച് മനുഷ്യനായി ജീവിക്കാൻ സാഹിത്യം പ്രേരിപ്പിക്കുമെന്ന് ആശാന്റെ കവിത തെളിയിച്ചതായും ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. പ്രൊഫ. രാമവർമത്തമ്പുരാൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ആർ.ഉണ്ണികൃഷ്ണപിള്ള, മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.എസ്.അജയകുമാർ ,ഡോ. സിന്ധു അന്തർജ്ജനം എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന പ്രൊഫ.ഡി.നാരായണൻ കുട്ടി അനുസ്മരണം ഡോ.അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അമൃത അദ്ധ്യക്ഷതവഹിച്ചു. നസീമ ടീച്ചർ, പ്രൊഫ.ആർ.ജിതേന്ദ്രവർമ്മ , പ്രൊഫ.ആർ.രാമരാജവർമ, പുന്നപ്ര ഗോപാലകൃഷ്ണൻ, പ്രൊഫ.ഇ.ഈശ്വരൻ നമ്പൂതിരി , ഗിരിജാശങ്കർ.സതീഷ് ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.മലയാളം ബി.എ. ,എം.എ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.