എഴുപത്തിയഞ്ചാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ആലപ്പുഴ എസ് ഡി കോളേജിന് രസതന്ത്രത്തിൽ ഇന്ത്യൻ പേറ്റൻ്റ്. നാനോ കണങ്ങളുടെ നിർമാണത്തിൽ കണ്ടെത്തിയ നൂതന മാർഗത്തിനാണ് പേറ്റൻ്റ്.  ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നാനോ മെറ്റൽകണങ്ങൾ നിർമിക്കാനുള്ള നൂതന രീതിയാണ് രസതന്ത്ര വിഭാഗം അസോഷ്യേറ്റ് പ്രൊഫസർ ഡോ. കെ.എച്ച്. പ്രേമയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്. ചെറുനാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന കാർബണിക രാസവസ്തുക്കൾക്ക് നിരോക്സീകരണത്തിലൂടെ ലോഹ സംയുക്തങ്ങളിലെ ലോഹത്തെ നാനോ കണങ്ങളാക്കി മാറ്റാൻ കഴിയുമെന്ന കണ്ടുപിടുത്തമാണ് അംഗീകരിക്കപ്പെട്ടത്. പ്രധാനമായും നാനോ നിക്കൽ കണങ്ങളിലാണ് പഠനം നടന്നിരിക്കുന്നത്. ഇതിന് രാസത്വരകമായി വർത്തിക്കാൻ കഴിയുമെന്നത് ഈ ഗവേഷണത്തിൻ്റെ വാണിജ്യ സാധ്യതയാണ്. ചുരുങ്ങിയ ചെലവിൽ വ്യാവസായിക പ്രാധാന്യമുള്ള പല കാർബണിക സംയുക്തങ്ങളുടേയും നിർമാണത്തിന് ഇത് പ്രയോജനമാകും.  എസ് ഡി കോളേജ് രസതന്ത്ര വിഭാഗത്തിലെ അസോഷ്യേറ്റ് പ്രൊഫസർ ഡോ.കെ എച്ച് പ്രേമ, രസതന്ത്ര വിഭാഗം ഗവേഷക രാജി.ആർ.കൃഷ്ണ, മദ്രാസ് IIT യിലെ പ്രൊഫ. എടമന പ്രസാദ്, എസ് ഡി കോളേജ് ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ്‌ പ്രൊഫസർ ഡോ. ശ്രീകാന്ത് ജെ വർമ, രസതന്ത്ര വിഭാഗത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അശ്വതി ഗോപൻ എന്നിവരടങ്ങിയ സംഘമാണ് ഗവേഷണം നിർവഹിച്ചത്. കേരള സർവകലാശാലയിലെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലൊന്നായ എസ് ഡി കോളേജ് രസതന്ത്ര വിഭാഗത്തിൽ പല അധ്യാപകരുടെയും മേൽനോട്ടത്തിൽ എട്ട് വർഷത്തിലധികമായി അതിനൂതന വിഷയങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

Download Patent Certificate