ജീവിതം തന്നെ എഴുത്താക്കി വായനക്കാരനെ വിസ്മയിപ്പിച്ച മഹാനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ജീവിക്കാൻ വേണ്ടി എഴുതുകയും എഴുതാൻ വേണ്ടി ജീവിക്കുകയും ചെയ്ത വിസ്മയമായിരുന്നു അദ്ദേഹമെന്നും ഡോ.ജി.വത്സലാ ദേവി അഭിപ്രായപ്പെട്ടു. എസ്.ഡി.കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച ബഷീർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വത്സലാ ദേവി. ഗ്രാമീണ ജീവിതത്തിന്റെ ശക്തിയും സൗന്ദര്യവും മലയാളിയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിച്ചു എന്നതാണ് ബഷീറിന്റെ എഴുത്തിന്റെ കരുത്ത്. വിശപ്പും തിക്തമായ ജീവിതാനുഭവങ്ങളും ബഷീറിലെ എഴുത്തുകാരനെ ഉജ്ജ്വലിപ്പിച്ചു. ആഡംബരങ്ങളുടെ ഇക്കാലത്ത് ജീവിത യാഥാർത്ഥ്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കാൻ ബഷീർ ക്യതികൾ ഉപകാരപ്പെടുമെന്നും വത്സല ടീച്ചർ ഓർമ്മിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ആർ.ഉണ്ണികൃഷ്ണപിള്ള ,ഡോ.എസ്.അജയകുമാർ, ഡോ. സിന്ധു അന്തർജ്ജനം ,ഡോ. ദേവി കെ വർമ , ഡോ.എസ്.സജിത്കുമാർ എന്നിവർ സംസാരിച്ചു. മലയാള വിഭാഗം ആരംഭിക്കുന്ന ഓർമ്മ എന്ന പ്രതിവാര പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും വത്സലാ ദേവി നിർവ്വഹിച്ചു. മൺമറഞ്ഞ മഹാ വ്യക്തികളെ എല്ലാ വെള്ളിയാഴ്ചകളിലും കോളേജ് ക്യാമ്പസിൽ അനുസ്മരിക്കുന്ന പരിപാടിയാണ് ഓർമ .