മാതൃഭാഷയോളം മഹത്തായത് മറ്റൊന്നുമില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കേരളത്തെ രൂപപ്പെടുത്തിയതിൽ ഭാഷയ്ക്കും സാഹിത്യത്തിനും മുഖ്യ പങ്കാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴ എസ്.ഡി.കോളേജ് മലയാള – സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന കേരള പഠനം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ ജനാധിപത്യ ബോധം വോട്ടുചെയ്യുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെപ്പോലും മനസ്സിലാക്കാത്ത ജന പ്രതിധിനികളുടെ എണ്ണം കൂടി വരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാംസ്കാരിക പരിപാടികളിലും ഗ്രന്ഥശാലാ പരിപാടികളിലും എഴുത്തുകാരെ പിന്തളളി രാഷ്ട്രീയക്കാർ തള്ളിക്കയറുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള വിഭാഗം മേധാവി ഡോ.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എച്ച്. പ്രേമ ആമുഖ പ്രഭാഷണം നടത്തി. ഡോ. സിന്ധു അന്തർജ്ജനം, ഡോ.കെ.നാരായണൻ എന്നിവർ സംസാരിച്ചു.
മലയാള സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.
Posted by webdesksdcollege-in
/ Categories News