കവിയും പ്രഭാഷകനും ദീർഘകാലം ആലപ്പുഴ എസ്. ഡി. കോളേജ് മലയാള- സംസ്കൃത വിഭാഗം അദ്ധ്യക്ഷനുമായിരുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാർ സാംസ്കാരിക കേരളത്തിലെ ദീപ്ത സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി മലയാള- സംസ്കൃത വിഭാഗവും അമ്പലപ്പുഴ ഗോപകുമാർ ഫൗണ്ടേഷനും ചേർന്ന് ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക അഖിലകേരള കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. 2026 ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ എസ് ഡി കോളേജിൽ നടന്ന മത്സരം കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. വി. ആർ. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആർ. രാമരാജവർമ്മ അമ്പലപ്പുഴ ഗോപകുമാർ അനുസ്മരണം നടത്തി. കേരളത്തിലെ വിവിധ മേഖലകളിലെ കലാലയങ്ങളിൽ നിന്നുള്ള ഇരുപത് വിദ്യാർത്ഥികൾ കാവ്യാലാപനമത്സരത്തിൽ പങ്കെടുത്തു. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിനി ധനശ്രീ. വി. ബി. ഒന്നാം സ്ഥാനവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി ആദിത്യൻ. ജി. എസ്. രണ്ടാം സ്ഥാനവും എടത്തല ബി. എഡ് കോളേജ് വിദ്യാർത്ഥിനി ആര്യ. പി മൂന്നാം സ്ഥാനവും നേടി. പതിനായിരം, ഏഴായിരം, അയ്യായിരം രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും വിജയികൾക്ക് സമ്മാനിച്ചു. മത്സരം മികച്ച നിലവാരം പുലർത്തിയെന്ന് ഫലപ്രഖ്യാപന വേളയിൽ വിധികർത്താക്കളായ ഡോ. സജിത്ത് ഏവൂരേത്ത്, ശ്രീ. ബാബു മണ്ടൂർ, ഡോ. ആര്യാംബിക എസ് വി എന്നിവർ അഭിപ്രായപ്പെട്ടു. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തിപത്രം നല്കി. സമ്മാനദാനത്തെ തുടർന്ന് ശ്രീ. ബാബു മണ്ടൂർ, ഡോ. ആര്യാംബിക എന്നിവർ നയിച്ച കാവ്യാമൃതം കാവ്യാസ്വാദന സദസ്സും നടന്നു. എസ് ഡി കോളേജ് മലയാള- സംസ്കൃത വിഭാഗം അധ്യാപകരും ഗവേഷകരും അമ്പലപ്പുഴ ഗോപകുമാർ ഫൗണ്ടേഷൻ ഭാരവാഹികളും വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നല്കി.












