ഇന്ത്യൻ പേറ്റന്റ് കരസ്ഥമാക്കിയ മനോജ് സാറിനു അഭിനന്ദനങ്ങൾ !

സനാതന ധർമ കലാലയത്തിൽ, രണ്ടു ഇന്ത്യൻ പേറ്റന്റുകൾ നേടുന്ന ആദ്യത്തെ അധ്യാപകനായി മാറുവാനും മനോജ് സാറിന് സാധിച്ചു. മാത്രമല്ല, സനാതന ധർമ കലാലയത്തിന്റെ ഗവേഷണ ലോകത്തേക്ക് കെമിസ്ട്രി വിഭാഗത്തിന്റെ സംഭാവന 4 പേറ്റന്റുകളിൽ നിന്നും ഇതോടെ 5 ആയി ഉയർന്നു. സനാതന ധർമ കലാലയത്തിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ പേറ്റന്റ്, കെമിസ്ട്രി അധ്യാപികയും നിലവിൽ നമ്മുടെ കലാലയത്തിന്റെ പ്രിൻസിപ്പാളും കൂടിയായ പ്രൊഫ. പ്രേമ ടീച്ചറിന്റെ പേരിലായിരുന്നു. മഞ്ജു മോൾ ടീച്ചറും രതികല ടീച്ചറുമാണ് പേറ്റന്റ് നേടിയ കെമിസ്ട്രി വിഭാഗത്തിലെ മറ്റു അദ്ധ്യാപികമാർ.

വാണിജ്യ അടിസ്ഥാനത്തിൽ വലിയ അളവിൽ ഉരുക്കു വെളിച്ചെണ്ണ (Virgin coconut oil) ഉൽപാദിപ്പിക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് മനോജ് സാറിന് രണ്ടാമത്തെ പേറ്റന്റ് ലഭിച്ചത്. വാണിജ്യ അടിസ്ഥാനത്തിൽ വലിയ അളവിൽ നാനോ സിങ്ക് ഓക്സൈഡ് ഉൽപാദിപ്പിക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതിനായിരുന്നു ആദ്യത്തെ പേറ്റന്റ്. ജേർണലുകളിൽ ഒരു പേപ്പർ പ്രസിദ്ധീകരിക്കുന്നതിനെക്കാൾ ശ്രമകരമാണ് ഒരു പേറ്റന്റ് നേടുകയെന്നത്. സുദീർഘമായ പരിശ്രമത്തിന്റെ ഫലമാണ് ഓരോ പേറ്റന്റുകളും. അവിടെയാണ് ശാസ്ത്രീയമായ കണ്ടെത്തലുകൾ, സാങ്കേതിക വിദ്യയായി പരിണമിക്കുന്നത്. ഇനിയും ഗവേഷണ ലോകത്തു മുന്നോട്ടു പോകുവാനും സനാതന ധർമ കലാലയത്തിന് ഒരു വലിയ മുതൽക്കൂട്ടാകുവാനും മനോജ് സാറിന് കഴിയട്ടെ !



