എസ്.ഡി. കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കൂടിയാട്ട സോദാഹരണക്ലാസ്സ് കലാലയത്തിന് നവ്യാനുഭവമായി. കാലടി സംസ്കൃത സർവ്വകലാശാല പെർഫോമിംഗ് ആർട്സ് വിഭാഗം അധ്യാപകനും പ്രശസ്ത കൂടിയാട്ട കലാകാരനുമായ മാർഗ്ഗി മധുവിൻ്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ക്ലാസ്സ് നയിച്ചത്. കൂടിയാട്ടത്തിൻ്റെ ചരിത്രവും അഭിനയ രീതികളും പ്രായോഗികപാഠങ്ങളിലൂടെ മാർഗി മധു വിശദമാക്കി. നാടകത്തിൻ്റെ അഭിനയ സാധ്യതകളെ വിപുലമാക്കിയ കലയാണ് കൂടിയാട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള ഭാഷയുടെ വികാസത്തിനും നിലനില്പിനും ഈ കലാരൂപം ഈടുറ്റ സംഭാവനയാണ് നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ് , മൂഴിക്കുളം ഹരികൃഷ്ണൻ, നേപഥ്യ രാഹുൽ ചാക്യാർ എന്നിവർ പങ്കെടുത്തു.
സോദാഹാരണ പ്രഭാഷണം കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫ. ഡോ. വി. ആർ. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. രാകേഷ് ചന്ദ്രൻ, ഡോ. ദേവി കെ വർമ, ഡോ. സ്മിത എന്നിവർ സംസാരിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ അക്കാദമിക് ആൻ്റ് എക്സ്റ്റൻഷൻ പ്രോഗ്രാമിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.



